സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ച്
വിവിധ സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ മലയാള ഭാഷയിലുള്ള പുരോഗതിക്കും, പ്രാദേശികവത്കരണത്തിനും, ഏകീകരണത്തിനും പ്രചരണത്തിനും വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്(സ്വ.മ.ക).
ഒക്ടോബർ 2002 മുതൽ സ്വ.മ.ക സജീവമാണ്. അന്നു മുതൽ തന്നെ വിവിധ കമ്പ്യൂട്ടർ തലങ്ങളിലും (ഫോണ്ടുകൾ, നിവേശക രീതികൾ, തിരുത്തലുകൾ, തർജ്ജമ, എഴുത്ത്-സംസാരം യന്ത്രങ്ങൾ, നിഘണ്ടുക്കൾ, അക്ഷരപരിശോധനാ ഉപകരണങ്ങൾ മുതലായവ) വിവിധ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും പ്രവർത്തിക്കുന്ന മലയാളമുള്‍പ്പെടെ ഉള്ള വിവിധ ഇന്‍ഡിക് ഭാഷകളിലും പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെ നിർമ്മാണത്തിലും വികസനത്തിലും സ്വ.മ.ക ശ്രദ്ധിക്കുന്നു. മലയാളം ഫോണ്ടുകളുടെയും നിരവധി പ്രശസ്ത ഗ്നു/ലിനക്സ് സിസ്റ്റങ്ങൾക്ക് വേണ്ടിയുള്ള ഉപകരണങ്ങളുടേയും പിന്നണിയില്‍ സ്വ.മ.ക യാണ്. പ്രശസ്തമായ പല സ്വതന്ത്ര സോഫ്റ്റ്വെയർ പണിയിടങ്ങളുടേയും മറ്റു ഉപകരണങ്ങളുടേയും തർജ്ജമകളും സ്വ.മ.ക പരിപാലിക്കുന്നു.
എല്ലാവര്ക്കും വെബ്/ഡെസ്ക്ടോപ്പ്/മൊബൈല്‍ തുടങ്ങിയവ പ്രാപ്യമാക്കുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനും അവ എല്ലാ ഭാഷകളിലും ലഭ്യമാക്കാനും ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. 11 ഭാഷകള്‍ പിന്തുണയ്ക്കുന്ന ധ്വനി ടിടിഎസ്, വിവിധ ഇന്‍ഡിക് ഭാഷളിലുള്ള ഉള്ളടക്കങ്ങള്‍ വിശകലനം ചെയ്യാനായുള്ള ഇന്‍ഡിക് പ്രോജക്റ്റ് എന്നിവ ഉദാഹരണങ്ങളാണ്
ഒരു പക്ഷേ ഭാരതത്തിലെ തന്നെ ഏറ്റവും വലിയ ഭാഷാ-കമ്പ്യൂട്ടിങ്ങ് പ്രവർത്തക സംഘടന സ്വ.മ.ക ആയിരിക്കും. കൂടാതെ ഞങ്ങൾ കമ്പ്യൂട്ടർ ഉപകരണങ്ങളിൽ മലയാള ഭാഷയുടെ ഭാവി നിശ്ചയിക്കുന്ന സർക്കാർ, സർക്കാരേതര സംഘടനകൾക്ക് ഉപദേശികളായും സർക്കാരിനോടും വ്യവസായ മേഖലയോടും ചേർന്നും പ്രവർത്തിക്കുന്നു. സോഫ്റ്റ്വെയർ ഡെവലപ്പർമാർക്കു പുറമേ ഭാഷാവിദഗ്ദ്ധന്മാർ, പത്രപ്രവർത്തകർ, വിക്കിപീഡിയന്മാർ, എഴുത്തുകാർ അങ്ങനെ ഭാഷാ ഉപയോക്താക്കൾ പലരും ഞങ്ങളുടെ ഇടയിലുണ്ട്.